Pages

Aug 28, 2009

ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു.

നാലുമണിയ്ക്കു ശേഷം നടക്കുന്ന രസകരമായ മത്സരമാണു
മുളയില്‍ക്കയറ്റം. ചെത്തി വെടിപ്പാക്കി വൃത്തിയായി പോളീഷ് ചെയ്ത
എതാണ്ട് മൂന്നര മീറ്റര്‍ നീളമുള്ള മുള കുഴിച്ചിട്ടിരിയ്ക്കുന്നു.
നല്ല വഴുക്കുള്ള നെയ്യ് മുളയില്‍ പൊതിഞ്ഞിരിയ്ക്കും.
മുളയുടെ മുകളില്‍ വടിയില്‍ ചുറ്റിവച്ചിരിയ്ക്കുന്ന തോര്‍ത്തുമുണ്ട്
എടുക്കുക എന്നതാണു ദൌത്യം. എണ്ണയും നെയ്യും
പൊതിഞ്ഞിരിയ്ക്കുന്ന മുളയില്‍ കയറുക അത്ര എളുപ്പമല്ല.
കയറുന്നതിനെക്കാള്‍ വേഗത്തില്‍ താഴേയ്ക്കുള്ള വരവു രസകരം തന്നെ.
താഴേയ്ക്കുള്ള ഓരോ വരവിലും കാണികളുടെ കളിയാക്കല്‍ ഉണ്ടാവും.
ഇതൊക്കെ അതിജീവിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടും.
ഈ മത്സരത്തോടെ ഒന്നാം ദിനം അവസാനിയ്ക്കും.

രണ്ടാം ദിനം ഉറിയടിയോടെ ആരംഭിയ്ക്കുന്നു.
അമ്മച്ചിപ്ലാവെന്നു ഞങ്ങള്‍ വിളിയ്ക്കുന്ന പ്ലാവു മുത്തശ്ശിയുടെ കൊമ്പില്‍
ഉറപ്പിച്ചിരിയ്ക്കുന്ന കപ്പി(pulley)യിലൂടെ പായുന്ന കയറിന്റെയറ്റത്ത്
പിരമിഡുരൂപത്തിലുള്ള ഉറി ആടിക്കളിയ്ക്കുന്നു.
അലങ്കരിച്ച ഉറിയുടെയുള്ളില്‍ മണ്‍കുടത്തില്‍ പാലുംപഴവും നിറച്ചു വച്ചിരിയ്ക്കും.
കഷ്ടിച്ചു രണ്ടടിമാത്രം നീളമുള്ള വടികൊണ്ട് കുടം കുത്തിപ്പൊട്ടിയ്ക്കുക
എന്നത് അത്ര എളുപ്പമല്ല കാര്യമല്ല. മാത്രവുമല്ല ആടിവരുന്ന ഉറിയില്‍
കുത്താനായുമ്പോള്‍ മഞ്ഞള്‍ കലക്കിയ വെള്ളമൊഴിച്ചു തടസ്സപ്പെടുത്തും.
ചെണ്ടമേളത്തിനനുസരിച്ച് മത്സരിയ്ക്കുന്നയാള്‍ നൃത്തം ചെയ്യണമെന്നത്
ഇതിന്റെ നിയമാവലികളില്‍ ഒന്നുമാത്രം.

പിന്നെ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി നടക്കും.
ഇതും രസകരം തന്നെ, ഇതോടുകൂടി മത്സരവിഭാഗങ്ങള്‍ അവസാനിയ്ക്കും.
പിന്നെ രാത്രി പത്തുമണിവരെ സാംസ്കാരിക സമ്മേളനവും
മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവുമാണ്.
ഈസമയം മാത്രമാണ് അങ്ങാടിയില്‍ ആളൊഴിയുന്നത്.

തുടര്‍ന്ന് ഏതെങ്കിലും നാടകമോ കഥാപ്രസംഗമോ ഉണ്ടാവും.
ഒരു നാടുമുഴുവന്‍ അതുകാണുവാനും ഉണ്ടാവും.

കിളിത്തട്ടുകളിയും പന്തുകളിയുമൊന്നുമില്ലാത്ത ഓണമാണ്
ഇന്നവിടെ നടക്കുന്നത്. ആര്‍ക്കും തന്നെ ഒന്നും സംഘടിപ്പിയ്ക്കാന്‍ നേരമില്ല.
ആമ്മച്ചിപ്ലാവുള്‍പ്പടെ വലിയമരങ്ങളെല്ലാം തന്നെ വെട്ടിമാറ്റപ്പെട്ടു.
മരങ്ങള്‍ വെട്ടിനശിപ്പിയ്ക്കുന്നതു കൊണ്ടുമാത്രം ഓര്‍മ്മയായിമാറിയ
ഒരു കലാരൂപമാണ് ഉറിയടി.
പുതിയ തലമുറകള്‍ക്ക് മുളയില്‍ക്കയറ്റവും ഉറിയടിയും അന്യം.
പഴയ ഒരുമ തീരെയില്ലെന്നുതന്നെ പറയാം...

ജയചന്ദ്രന്‍ പാടിയ വരികളാണ് ഓര്‍മ്മവരുന്നത്.

“അന്നത്തെയോണം പൊന്നോണം
ഇന്നത്തെയോണം കുഞ്ഞോണം
പൊന്നോണപ്പൂ പറനിറയെ പറനിറയെ
കുഞ്ഞോണപ്പൂ കുമ്പിള്‍ മാത്രം...”

എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍...

11 comments:

 1. ആര്‍ക്കും ഒന്നിനും സമയമില്ല, ആസനത്തിന് തീ പിടിച്ച പോലെ സമയത്തിനു പുറകേ പായുന്ന ജനത... അതാണ് നമ്മുടെ തലമുറ........


  ഓണാശംസകള്‍ :)

  ReplyDelete
 2. നമുക്കീ ഓര്‍മ്മകളെങ്കിലും ഉണ്ട്......ഓണാശംസകള്‍

  ReplyDelete
 3. ഓർമ്മയിലെ ഓണം നന്നായി....

  ഓണാശംസകൾ....

  ReplyDelete
 4. എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ. ഇവിടേയും കലാസമിതിയും നാടകവുമൊക്കെയുണ്ടായിരുന്നു.

  ReplyDelete
 5. ഓണാശംസകള്‍ സുഹൃത്തേ

  ReplyDelete