Pages

Oct 11, 2009

ജപ്തി...


ജപ്തിയെക്കുറിച്ച് ഒരു വഴികാട്ടി പുസ്തകത്തില്‍ വന്ന വരികളാണ്.
കിടക്കട്ടെ ഇതും കൂടി. ഇനി ഇതിന്റെ കുറവു വേണ്ട...

കാശുകിട്ടാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍
അതുകൊടുത്തവന്‍ ചെയ്യുന്ന മഹാകര്‍മ്മമാണല്ലോ ജപ്തി.
കുടിശ്ശികക്കാരന്റെ വസ്തുവകകള്‍ പെറുക്കിയെടുക്കുന്ന കടുത്ത നടപടി
റവന്യൂ അധികൃതരാണു ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്.
പക്ഷേ ജപ്തിചെയ്യുമ്പോള്‍ കര്‍ശനമായി പാലിയ്ക്കേണ്ട
ചില നിയമങ്ങള്‍ ഒന്ന് ഓര്‍മ്മിപ്പിയ്ക്കണമെന്നു തോന്നി.
ഒരുപക്ഷേ അതവര്‍ മറന്നുപോയാലോ...
(കാശു വാങ്ങിയവന്‍ എല്ലാം ഓര്‍ത്താല്‍ നന്നായി)

സൂര്യന്‍ എത്തിനോക്കുന്നതിനു മുമ്പോ അയാള്‍ കടലില്‍ മുങ്ങിയതിനു ശേഷമോ ജപ്തി നടപടികള്‍ നടത്താന്‍ പാടില്ല.
കടക്കാരനോ അയാളുടെ കുടുംബാംഗങ്ങളോ ധരിച്ചിരിയ്ക്കുന്ന വസ്ത്രമോ (മഹാഭാഗ്യം) താലി, മതാചാരപ്രകാരം നീക്കം ചെയ്യാന്‍ പാടില്ലാത്ത ആഭരണങ്ങള്‍, വിവാഹമോതിരം, ആരാധനയ്ക്കുപയോഗിയ്ക്കുന്ന ചുരുങ്ങിയ സാധനങ്ങള്‍, കൃഷിയാവശ്യത്തിനുള്ള പമ്പുസെറ്റും മറ്റുപകരണങ്ങളും, കൃഷിയായുധങ്ങള്‍, രണ്ട് ഉഴവുമാടുകള്‍, കൈത്തൊഴില്‍ ആയുധങ്ങള്‍ എന്നിവയും ജപ്തിചെയ്യാന്‍ പാടില്ല.
സ്ത്രീകളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കുകയോ ബലം പ്രയോഗിച്ചു തുറപ്പിയ്ക്കുകയോ ചെയ്യാന്‍ പാടില്ല.
ഇനി അങ്ങോട്ടു കടന്നേ പറ്റൂന്ന് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ നിയമാനുസൃതമായി അവരെ മാറ്റിയതിനു ശേഷം കടക്കാം.

ജപ്തിസാധനങ്ങള്‍ അനുവാദം കൂടാതെ ആരെങ്കിലും മാറ്റിയാല്‍ മേലാവിയ്ക്കു റിപ്പോര്‍ട്ടു നല്‍കാം.
ജപ്തി നടക്കുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത രണ്ടുപേര്‍ സാക്ഷ്യം വഹിയ്ക്കണം.
ജപ്തിചെയ്ത സാധനങ്ങളുടെ ലിസ്റ്റ് കടക്കാരനു നല്‍കുകയോ ആ സ്ഥലത്തു പതിയ്ക്കുകയോ ചെയ്യണം.
ജപ്തി സാധനങ്ങള്‍ മാറ്റാനോ കളക്ടറുടെ അനുവാദമില്ലാതെ മാറ്റാനോ പാടില്ല.
നാല്‍ക്കാലികളെ ജപ്തിചെയ്യുന്ന ഇരുകാലികള്‍ അവയ്ക്കു തിന്നാന്‍ കൊടുക്കേണ്ടതാണ്.
പക്ഷേ അവയ്ക്കു തിന്നാന്‍ കൊടുക്കുന്നതിന്റെ ചെലവ് കടക്കാരന്‍ തന്നെ കൊടുക്കണം!

ജപ്തിസാധനങ്ങള്‍ ലേലം ചെയ്യുന്നതിനു മുമ്പ് കുടിശ്ശികയും ജപ്തിച്ചെലവും കൊടുത്തു തീര്‍ത്താല്‍ എല്ലാം തിരിച്ചു കൊടുക്കാം.

(സമാധാനം, നടക്കുമോ എന്തൊ)

Oct 3, 2009

ഹൃദയമുള്ളവര്‍ കാണട്ടെ....

ഭൂലോകത്തു നന്മയുള്ളവര്‍ ഇനിയും ശേഷിയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ബൂലോകത്തും ഭൂലോകത്തുമുള്ള ചിലരുമായുള്ള ചങ്ങാത്തം കൊണ്ട് മനസ്സിലായി. സംശയമായല്ലേ...? അപ്പൊ നമ്മളെല്ലാം വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയല്ലെന്നാണോ കൊട്ടോട്ടിക്കാരന്‍ പറയുന്നത് എന്ന സംശയം വരുന്നുണ്ടോ?

പ്രിയപ്പെട്ടവരേ...
ബൂലോകത്തും ഭൂലോകത്തുമുള്ള ഈ മനുഷ്യജന്മങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പുന്നതു കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം എത്ര നിസ്സാരമെന്നു തോന്നി. ഇതു പോസ്റ്റാക്കരുതെന്നു പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഈ നന്മയുടെ പിറകില്‍ ആരെല്ലാമാണെന്നു വെളിപ്പെടുത്താന്‍ വയ്യ. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാവണമെങ്കില്‍, മറ്റുള്ളവര്‍ക്കും സഹജീവികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നണമെങ്കില്‍ ഇത് പറയാതെ കഴിയില്ലയെന്നതിനാല്‍ ഇവിടെ കോറിയിടുന്നു.

ഫോണില്‍ ഒരുപാടുതവണ ബന്ധപ്പെട്ടിരുന്നെങ്കിലും സുഹൃത്തിനെ നേരില്‍ക്കാണുന്നത് അന്നായിരുന്നു. വൈകുന്നേരം ആറുമണിയോടെ കാവസാക്കി കാലിബര്‍ ചങ്ങാതിയുടെ വീട്ടിലേയ്ക്കുരുണ്ടു. നല്ല മഴയായിരുന്നാതിനാല്‍ അവിടെയെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. മഴക്കോട്ടെടുക്കാതെ ആശാനായി ചമഞ്ഞതിന്റെ സുഖം നന്നായി ആസ്വദിച്ചു. ഇടയ്ക്കു മഴ തോരുന്ന സമയം നോക്കി ബൈക്കോടിച്ച് ഒരുവിധം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചൂടു ചായയും കുശലാന്വേഷണവും കഴിഞ്ഞ് സംസാരം ബ്ലോഗിലേയ്ക്കും നീണ്ടു. ഏതാണ്ട് എല്ലാ ബ്ലോഗരെയും തിന്നുകഴിഞ്ഞപ്പോള്‍ അദേഹം പറഞ്ഞതിനനുസരിച്ച് ആ സസ്പെന്‍സ് സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു.

ബ്ലോഗില്‍ അത്യാവശ്യം പുലിയായ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്നേഹസമ്പന്നനായ ഒരു പൂച്ചക്കുട്ടിയാണെന്ന് നേരിട്ടു കണ്ടപ്പോള്‍ എനിയ്ക്കു ബോധ്യപ്പെട്ടു. അനേകരെ സംരക്ഷിയ്ക്കുന്ന സ്നേഹസമ്പന്നരില്‍ ഒരുവന്‍. ഇവയ്ക്കെല്ലാ പിന്തുണയുമായി ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് അവരുടെ വിഷമങ്ങള്‍ ഒന്നു തുറന്നു പറയാന്‍ സന്ദര്‍ഭമൊരുക്കുന്ന അവരുടെ സെന്ററിന്റെ മുന്നില്‍ കാര്‍ നിന്നു.

ഇതാണ് നമ്മുടെ “സെന്റര്‍”

ഞാന്‍ അകത്തേയ്ക്കു പ്രവേശിച്ചു. സെന്ററിന്റെ ഓരോ ഭാഗങ്ങളെ അദ്ദേഹം എനിയ്ക്കു പരിചയപ്പെടുത്തി. ഹാളിലേയ്ക്കാണ് ആദ്യം കടന്നത്.

ഇവിടെ എല്ലാ ഞായറാഴ്ച്ചയും അവര്‍ ഒത്തുകൂടുന്നു. രാവിലെ ഏഴുമണിമുതല്‍ ഒന്‍പതുമണിവരെ മീറ്റിംഗ്. ആ ആഴ്ചയിലെ കര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും കൂടുതലായി എന്തെങ്കിലും ആര്‍ക്കെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നുമൊക്കെ തീരുമാനിയ്ക്കുന്നത് ഈ സമയത്താണ്. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ദിവസങ്ങള്‍ ചുമരില്‍ ചാര്‍ട്ടായി തൂക്കിയിടുന്നു. മറ്റുള്ളവര്‍ക്ക് സൌകര്യപൂര്‍വ്വം ആ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇതുപകാരപ്പെടുന്നു. ഒന്‍പതുമണിമുതല്‍ രണ്ടുമണിയ്ക്കൂറോളം ഖുര്‍‌ആന്‍ ക്ലാസ്സാണ് ഒരു ഗ്രൂപ്പിലും പെടാതെ ആരുടെയും ആശയങ്ങള്‍ പ്രചരിപ്പിയ്ക്കാത്ത ഖുര്‍‌ആന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഇവിടെനിന്നു പഠിയ്ക്കാം. തുടര്‍ന്ന് മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ അവരുടെ വിഷമങ്ങള്‍ കേള്‍ക്കുന്ന സമയമാണ്.

തുടര്‍ന്ന് സ്റ്റോറിലേയ്ക്കു നടന്നു. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റുസാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നു. ഓരോവീട്ടിലേയ്ക്കും വിതരണം ചെയ്യേണ്ട സാ‍ധനങ്ങളുടെ ലിസ്റ്റ് അവിടെയും ചുമരില്‍ തൂക്കിയിരിയ്ക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തര്‍ അവരുടെ സമയത്തിനനുസരിച്ച് പായ്ക്കറ്റിലാക്കാന്‍ ഇത് അവരെ സഹായിയ്ക്കുന്നു. സംഘത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മുന്നൂറിലധികം കുടുംബങ്ങളില്‍ ജാതി മത ഭേദമന്യേ യഥാസമയം ഇവയെത്തിയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ക്ലിനിക്കിലേയ്ക്കാണു നടന്നത്. ഞായറാഴ്ചകളില്‍ ഇവിടെ സൌജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നു. പരിശോധിയ്ക്കുന്ന ഡോക്ടറും ഈ സംഘത്തിലെ അംഗം തന്നെ. ഇവിടെ എത്തുന്ന മരുന്നുകളില്‍ ഇവിടെ ആവശ്യമില്ലാത്ത മരുന്നുകള്‍ മെഡിയ്ക്കല്‍ കോളേജിലെ ഫ്രീ മെഡിസിന്‍ വിഭാഗത്തിലേയ്ക്കു കൊണ്ടുപോകുന്നു.

പിന്നെ ബുക്ക്സ്റ്റാളിലേയ്ക്കു പോയി, ജീവിതത്തെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു നയിയ്ക്കാനുതകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശംനല്‍കുന്ന പുസ്തകങ്ങള്‍ പലരും അച്ചടിച്ചു നല്‍കുന്നത് സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. ആവശ്യക്കാര്‍ക്ക് അവകൊണ്ടുപോകാം. മതിയായ സ്റ്റാമ്പയയ്ക്കുന്നവര്‍ക്ക് അവ തപാലിലും ലഭിയ്ക്കും. മൂന്നു പുസ്തകങ്ങള്‍ ഞാനുമെടുത്തു.

പിന്നെ ടെക്സ്റ്റയില്‍ സെക്ഷനിലേയ്ക്ക്. പലയിടത്തുനിന്നും സംഘടിപ്പിച്ച എല്ലാത്തരക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ തുണുക്കടയിലേതുപോലെ സൂക്ഷിച്ചിരിയ്ക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവരുടെ അളവിനുള്ളവ തെരഞ്ഞെടുക്കാം. അരച്ചാക്കരിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ മഹാ പ്രസ്ഥാനം ഇന്നു വളരെ വളര്‍ന്നത് നല്ലവരായ ഒരു ജനവിഭാഗത്തിന്റെ പിന്തുണയുടെ ബലത്തിലാണെന്നതു വിസ്മരിയ്ക്കുന്നില്ല.

സംഘത്തിലെ ഓരോ അംഗങ്ങളും നിശ്ചിത വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുന്നു. സ്വന്തം വീടുപോലെതന്നെയാണ് ഈ വീടുകളെ അവര്‍ കാണുന്നതും സ്വന്തം കുടുംബാംഗങ്ങളോടെന്നപോലെ തന്നെയാണ് ആ വീട്ടുകാരോടു പെരുമാറുന്നതും. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുറവും വരാതിരിയ്ക്കാന്‍ ഓരോരുത്തരും ശ്രദ്ധിയ്ക്കുന്നു. തങ്ങളുടെ ഏരിയയില്‍ വിഷമിയ്ക്കുന്ന മറ്റു കുടുംബങ്ങളുണ്ടോയെന്നും അവര്‍ അന്വേഷിയ്ക്കുന്നു. ആത്മഹത്യയുടെ വക്കില്‍നിന്ന് ഒരുപാടു കുടുംബങ്ങളെ ഇവര്‍ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

സമൂഹത്തില്‍ എല്ലാവരാലും അവഗണിയ്ക്കപ്പെട്ട് ആരുടെയും സഹായമില്ലാതെ കഷ്ടപ്പെടുന്ന, വളരെയേറെ ദുരിതമനുഭവിയ്ക്കുന്ന സഹജീവികളെപ്പറ്റി വിവരം ലഭിച്ചാല്‍ അവര്‍ കുടുംബസമേതമാണ് അവിടം സന്ദര്‍ശിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയുള്ള എല്ലാപ്രശ്നങ്ങളും മനസ്സിലാക്കാന്‍ അവര്‍ക്കു സാധിയ്ക്കുന്നു. ഉചിതമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ ഇത് അവരെ വളരെയേറെ സഹായിയ്ക്കുകയും ചെയ്യുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെയും പഞ്ചായത്തു ഭരണാധികാരികളുടെയും കണ്ണുകള്‍ ഈ പാവങ്ങളുടെ മേല്‍ പതിയുന്നില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇവരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നിടത്ത് ഇവര്‍ അത്താണിയാകുന്നു. അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ് ഇവര്‍ അത്താണിയാവുന്നത് എന്നത് മറ്റുള്ളവരില്‍ നിന്ന് ഇവരെ വേറിട്ടു നിര്‍ത്തുന്നു.

അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള വീട്, കക്കൂസ്, കിണര്‍, രോഗം കൊണ്ട് അവശതയനുഭവിയ്ക്കുന്നവര്‍ക്ക് ആശ്രയം, മനോരോഗികളെ സ്നേഹപൂര്‍ണ്ണമായ പരിചരണവും ഉചിതമായ ചികിത്സയും നല്‍കി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന സ്തുത്യര്‍ഹമായ സേവനം, ഇവരുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മെച്ചപ്പെട്ടെ വിദ്യാഭ്യാസം എന്നുവേണ്ട സമസ്ത മേഖലയിലും ഈ സംഘം ശ്രദ്ധചെലുത്തുന്നു. ഇവരുടെ സേവനമേഖലയുടെ ആത്മാര്‍ത്ഥതകണ്ട് മെഡിയ്ക്കല്‍ സ്റ്റോറുകള്‍, സ്കാനിംഗ് സെന്ററുകള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, ആശാരിമാര്‍ ഇങ്ങനെ മിയ്ക്ക മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നവര്‍ ഇവരോടു സഹകരിയ്ക്കുന്നുണ്ട്. അടുത്തുള്ള ഒരു പ്രമുഖ ചെരുപ്പു നിര്‍മ്മാണക്കമ്പനി അത്യാവശ്യം പാദരക്ഷകളും നല്‍കി സഹകരിയ്ക്കുന്നു.

ഈ മഹാ പ്രസ്ഥാനം നിലനിലാനുള്ള ചെലവിലേയ്ക്കായി ഇവിടെ ലഭിയ്ക്കുന്ന സംഭാവനകളില്‍നിന്ന് ഒരു രൂപപോലും ചിലവാക്കുന്നില്ലായെന്നത് ഒരു വേറിട്ട സംഗതിയായിത്തോന്നി. കുറി (ചിട്ടി) നടത്തിക്കിട്ടിയ സംഖ്യകൊണ്ട് സെന്ററും അതിനോടനുബന്ധിച്ച് രണ്ടു വാടക കോട്ടേഴ്സുകളും നിര്‍മ്മിച്ചു. കോട്ടേഴ്സിന്റെ വാടകയാണ് ഈ പ്രസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുതകുന്നത്. എല്ലാം എല്ലാവര്‍ക്കും എത്തിയ്ക്കാനുള്ള ആള്‍ബലമാണ് ഇപ്പോഴില്ലാത്തത്. ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നു. ഓണത്തിനും സംക്രാന്തിയ്ക്കും പെരുന്നാളിനും മാത്രം എന്തെങ്കിലും കൊടുത്ത് ബാദ്ധ്യത ഒഴിവാക്കലല്ല സഹജീവിസ്നേഹമെന്നുള്ള തിരിച്ചറിവു മാത്രമാണിപ്പോള്‍ ഇവരുടെ ശക്തി സ്രോതസ്സ്. പിതാവു നഷ്ടപ്പെട്ട കുരുന്നുകളെ അനാഥാലയത്തിലും യത്തീംഖാനയിലും കൊണ്ടുചെന്നാക്കി മാതാവിനെക്കൂടി നഷ്ടമാക്കുന്ന പ്രവണതയെ ഇവര്‍ നിരുത്സാഹപ്പെടുത്തുന്നു. പകരം സാധാരണ കുടുംബങ്ങളിലെന്നപോലെ മാതാവിനൊപ്പം കഴിയാനാവശ്യമായ സാഹചര്യമൊരുക്കുന്നു. ഇവരുടെ സംരക്ഷണയില്‍ കഴിയുന്ന, ഇവരുടെ ശ്രമ ഫലമായുണ്ടായ വീട്ടില്‍ താമസിയ്ക്കുന്ന ഒരു കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആ വീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷം നേരിട്ടുകണ്ടു. അവരുടെ കുട്ടികള്‍ ഒരു ജ്യേഷ്ഠനോടെന്നപോലെയാണ് എന്റെ സുഹൃത്തിനോടു പെരുമാറിയത്. അതില്‍നിന്നും ഈ സംഘത്തിന് ആകുടുംബത്തിനോടുള്ള സമീപനവും എനിയ്ക്കു മനസ്സിലായി. തങ്ങളുടെ സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്‍ക്ക് സഹായമെത്തിയ്ക്കുമ്പോഴുള്ള മാനസികസംതൃപ്തി മാത്രമാണ് ഇവര്‍ക്കുള്ള പ്രതിഫലം.

പറയാന്‍ ഒരുപാടുണ്ട്, ഇപ്പോള്‍ത്തന്നെ വല്ലാതെ വലിച്ചുനീട്ടി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ലെന്നു തോന്നി. കഴിയുമെങ്കില്‍ നമുക്കും അവരോടു ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം, നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവശ്വാസമാകാം...