Pages

Aug 2, 2011

ബൂലോകരോട് നന്ദിപൂർവ്വം

പ്രിയപ്പെട്ടവരെ

     നീസ വെള്ളൂർ എന്ന കുട്ടിയുടെ അസുഖാവസ്ഥ അറിയിച്ചുകൊണ്ട് അവൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ എത്തുച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയിരുന്ന കഴിഞ്ഞപോസ്റ്റിന് വളരെയേറെ സുഹൃത്തുക്കൾ പ്രതികരിച്ചുകണ്ടതിൽ എനിയ്ക്കുള്ള സന്തോഷം ആദ്യമേതന്നെ അറിയിയ്ക്കട്ടെ. നമ്മുടെയൊക്കെ പ്രാർത്ഥനയുടേയും പ്രയത്നത്തിന്റേയും ഫലമായി അവൾക്കു അസുഖത്തിന് കാര്യമായ കുറവുണ്ടായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തിയ വിവരം എല്ലാരെയും അറിയിയ്ക്കട്ടെ.

     ബൂലോകത്ത് നന്മകൾമാത്രമാണ് നിറഞ്ഞുനിൽക്കുന്നതെന്നതും ആ നന്മയ്ക്ക് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നതും വളരെ ഫലപ്രദമായിത്തന്നെ ആ കടമകൾ ബൂലോകത്ത് നിർവ്വഹിയ്ക്കപ്പെടുന്നുണ്ടെന്നതും   അഭിമാനപൂർവ്വം ഭൂലോകത്തോടു വിളിച്ചുപറയാൻ നമുക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല. നീസയെന്ന പാവം കുട്ടിയ്ക്ക് ആവശ്യമായ രക്തം കൃത്യസമയങ്ങളിൽ ആവശ്യമായ അളവിൽ കൊടുക്കാൻ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ് ഇത്രപെട്ടെന്ന് അവൾക്ക് സുഖം പ്രാപിയ്ക്കാൻ കഴിഞ്ഞത്. നൂറിലേറെ ആൾക്കാർ നീസയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് എനിയ്ക്കറിയാൻ കഴിഞ്ഞത്. ബ്ലോഗിൽനിന്നു മാത്രമല്ല ഫേസ്ബുക്ക്, ബസ്സ് തുടങ്ങിയ മറ്റു നെറ്റുവർക്കുകളിൽ നിന്നുള്ളവരും ഈ ജീവൻരക്ഷാ പരിശ്രമത്തിൽ പങ്കാളികളായിരുന്നു. അവരുടെയെല്ലാം പേരുകൾ കുറിച്ച ഡയറി അവർ തികഞ്ഞ ബഹുമാനത്തോടെ സൂക്ഷിയ്ക്കുന്നുമുണ്ട്.

   മെഡിയ്ക്കൽകോളേജിൽ നീസയുടെ ചുറ്റും കിടന്നവരിൽ മിയ്ക്കവരും മരണം വരിയ്ക്കുന്നതുകണ്ട് അവൾ നിരാശയിലാണ്ടു കഴിയുന്ന വേളയിലാണ് ബൂലോകത്തിന്റെ ഇടപെടൽ ഉണ്ടായത്. അവരുമായി ഫോണിലും അല്ലാതെയും ബന്ധപ്പെട്ടവരെല്ലാം പകർന്നുനൽകിയ കരുത്തിന്റെയും സ്നേഹത്തിന്റെയും മരുന്ന് ഫലപ്രദമായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. നമ്മൾ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ആ തിളക്കം എനിയ്ക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവരുമായി ബന്ധപ്പെട്ടവരെല്ലാം ആ തിളക്കം ഇപ്പോൾ അനുഭവിയ്ക്കുന്നുണ്ടാവണം.

   ലുക്കീമിയ എന്ന രോഗമാണ് അവൾക്കു പിടിപെട്ടിരിയ്ക്കുന്നത്. ഇടയ്ക്കു പനി വരുമ്പോളാണ് അവളുടെ അസുഖം വർദ്ധിയ്ക്കുന്നത്. പെട്ടെന്ന് കൗണ്ടു കുറയുകയും പേറ്റ്‌ലറ്റുകളുടെ ഗുരുതരമായ അഭാവമുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണു പ്രശ്നം. പ്ലേറ്റ്‌ലറ്റുകൾ വർദ്ധിയ്ക്കാനുതകുന്ന ഭക്ഷണ രീതിയെക്കുറിച്ചും ആശ്വാസകരവും ഫലപ്രദവുമായ ചികിത്സകളെക്കുറിച്ചും അറിയാവുന്നവർ ആ വിവരം ഇവിടെ കമന്റായോ sabukottotty@gmail.com എന്ന മെയിലിലോ അറിയിക്കാൻ അറിയിയ്ക്കട്ടെ. നീസയുടെ പിതാവിന്റെ മൊബൈൽ കേടുവന്നതിനാൽ അവരെ തൽക്കാലം വിളിച്ചാൽ കിട്ടുകയില്ല. അധികം വൈകാതെതന്നെ  അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും.

   ബൂലോകത്ത്  അർത്ഥസംപുഷ്ടിയുള്ള കവിതകൾക്കു ജീവൻ കൊടുക്കാൻ അവൾക്കു കഴിയട്ടെയെന്ന് നമുക്കാശംസിയ്ക്കാം. ജീവന്റെ സംരക്ഷണത്തിന്നായി നമ്മളുയർത്തുന്ന കൈത്താങ്ങിന് ബലക്ഷയം സംഭവിയ്ക്കാതിരിയ്ക്കാൻ നമുക്കു ശ്രമിയ്ക്കാം. മറ്റെങ്ങും കാണാത്ത ഈ ഒരുമ തന്നെയാണ് നമ്മുടെ അഭിമാനം. ഇനിയുള്ള മീറ്റുകള്‍ നന്മയുടെ സന്ദേശം നിറഞ്ഞതാവട്ടെ. ഓരോ മീറ്റുകളിലും ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്യപ്പെടണം.

എല്ലാവർക്കും റംസാൻ ആശംസകൾ